വീട്ടിലെ ശല്യം കുറയാന്‍ വേണ്ടി ഉഴിഞ്ഞിട്ട നേര്‍ച്ചക്കാളകളെ പോലെ ആ നാട്ടിലെ മിക്ക കുട്ട്യോളും സ്കൂളിലും പോയിരുന്നൂ. പോക്കെറ്റില്‍ നിറയെ ഗോട്ടിയും (ഇംഗ്ലീഷില്‍ മാര്‍ബിള്‍ എന്ന് പറയണ സാധനം ) ആയിട്ടാണ് എല്ലാ കൂട്ടരും പോയിരുന്നത്. ബുക്കോ പെന്നോ ഒക്കെ എടുക്കാന്‍ മറന്നാലും യാതൊരു കാരണവശാലും ചോറ്റുപാത്രവും ഗോട്ടിയും എടുക്കാന്‍ ആരും മറന്നിരുന്നില്ല.ചന്ദനം ചാര്യാല്‍ ...എന്ന പഴമൊഴി അന്വര്‍ഥം ആക്കിക്കൊണ്ട് ഈ ഉള്ളവനും ഗോട്ടി കളിയില്‍ അധികം വൈകാതെ എക്സ്പേര്‍ട്ട് ആയി മാറി.
പൂനേലെ അത്ര സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത കാരണാവും എനിക്ക് അവിടെ ക്ലാസ്സില്‍ എടുക്കുന്നതെല്ലാം വളരെ എളുപ്പായിരുന്നു. അതോണ്ടാവും ഹെഡ് മാഷ് എന്നെ ശ്രദ്ധിച്ചിരുന്നു.
ആറില്‍ പഠിക്കണ സമയത്താണ് ഞാന്‍ സൈനിക് സ്കൂളിലേക്ക് എന്ട്രന്‍സ് എഴുതീത്. ഇന്റര്‍വ്യൂ അടക്കം പാസായിട്ടും മെടിക്കലില്‍ അണ്‍ഫിറ്റ് ആയി പ്രഖ്യാപിച്ച കാരണം അഡ്മിഷന്‍ തരായില്ല്യ. എനിക്കത് ഭയങ്കര വിഷമവും ആയി. എന്റെ ഹെഡ് മാഷും എന്നെ കൊറേ ആസ്വസിപ്പിചൂട്ടോ.. പാവം .. വളരെ സോഫ്റ്റ് ആയി സംസാരിക്കുന്ന ഒരു ബ്രാഹ്മണ പണ്ഡിതന്‍ ആയിരുന്നൂ അദ്ദേഹം. ആ വര്‍ഷം കേരളത്തിലെ "ബെസ്റ്റ് ഹെഡ് മാഷ് " ആയി അവാര്‍ഡും അദ്ദേഹത്തിന് കിട്ടീട്ടോ. അന്ന് ആനേം താലപ്പൊലീം ഒക്കെ ആയി വല്യ ഘോഷ യാത്രയൊക്കെ ഉണ്ടായിരുന്നു.
സൈനിക് സ്കൂളിന്റെ വേദന മനസ്സിലാക്കീട്ടാവാം മാഷ് അടുത്ത കൊല്ലം ഒരു ഫോം എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു " കുട്ട്യേ, ഇത് നിറച്ചോളൂ, ഉറപ്പായും കിട്ടും. " എന്താന്നൊക്കെ പിന്നെ വീട്ടില്‍ വന്നിട്ടാണ് നോക്കീത്. ഭാരത സര്‍ക്കാരിന്റെ മെറിറ്റ് സ്കോളര്‍ഷിപ്പിനുള്ള ഫോം ആയിരുന്നു അത്. അച്ഛനും ഞാനും കൂടി ഫോം പൂരിപ്പിച്ചു മാഷെ ഏല്പിച്ചു. അത് വാങ്ങീട്ടു മാഷ് എന്റെ തലേല്‍ സ്നേഹത്തോടെ തടവി. ആദ്യം ജില്ലാ തലത്തില്‍ ഒരു ഇരുന്നൂറോളം കുട്ട്യോള്‍ മത്സര പരീക്ഷ എഴുതി. അവിടുന്ന് കുറച്ചു പേരെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. അങ്ങിനെ ആദ്യായിട്ട് തിരുവനന്തപുരത്ത് പോകാനുള്ള അവസരോം ആയി. പാലക്കാട്ടുന്നു തൃശൂര്‍ക്ക് ബസ്സില്‍ ആയിരുന്നൂ യാത്ര. കുതിരാന്‍ എന്ന സ്ഥലത്ത് എത്യപ്പോള്‍ പലരും പെട്ടെന്ന് എന്തോ ഭക്തര്‍ ആവുകയും ഉറക്കെ ഭഗവാനേ , സ്വാമിയെ എന്നൊക്കെ വിളിക്വേം ചെയ്തത് എന്തിനാന്നു അന്ന് എനിക്ക് മനസ്സിലായില്ല. പിന്നീടാണ് ആ സ്ഥലം വളരെ ദുര്‍ഘടം പിടിച്ച ഒന്നാണെന്നും മിക്ക ദിവസൂം അവ്ടെ അപകടം ഉണ്ടാവാറൊണ്ടെന്നും അറിഞ്ഞത് .
അച്ഛനും ഞാനും കൂടി വേണാട് എക്സ്പ്രസ്സിന് ത്രിശൂര്‍ന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തലസ്ഥാനത്ത് വഴുതച്ചിറ എന്ന സ്ഥലത്ത് അച്ഛന്‍ മിലിട്ടറിയില്‍ ജോലി വാങ്ങി കൊടുത്ത ഒരു നായര്‍ താമസം ഉണ്ടായിരുന്നു. അച്ഛനു മലയാളികളെ ഭയങ്കര ഇഷ്ടം ആയിരുന്നൂ. ജോലിയില്‍ ഇരിക്കുമ്പോ നാട്ടീന്നു വല്യ സെറ്റപ്പ് ഒന്നും ഇല്ല്യാണ്ട് വടക്കേ ഇന്ത്യയില്‍ എത്തിപ്പെടുന്ന പയ്യന്മാര്‍ക്ക് മേനോന്‍ സാര്‍ കാണപ്പെട്ട ദൈവം ആയിരുന്നൂ. സ്വന്തം ജാമ്യത്തിലും പിന്നെ ബന്ധുവാണെന്നു പറഞ്ഞും ഒക്കെ അവര്‍ക്കെല്ലാം മിലിട്ടറിയില്‍ ജോലി വാങ്ങിക്കൊടുക്കുകേം ചെയ്തു പോന്നിരുന്നു. അച്ഛനെ കാണാന്‍ എല്ലാ ഞായറാഴ്ചയും ഏതെങ്കിലും ഒക്കെ പയ്യന്മാര്‍ വരാറണ്ട് . അവര്‍ക്കെല്ലാം ചായേം പലഹാരോം ഉണ്ടാക്കി കൊടുത്തിരുന്ന അമ്മ ഇടക്കെല്ലാം അതൊരു ഭാരം ആയി കണ്ടിരുന്നു.
ഞങ്ങള്‍ നായരുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ഞങ്ങള്‍ക്ക് വല്യ സ്വീകരണം ആണാ വീട്ടുകാര്‍ തന്നത്. പൂനയില്‍ നിന്നും നായര്‍ അവിടെ എന്താ പറഞ്ഞെന്നു അറിയില്ല്യ , കല്യാണ വീട്ടില്‍ ചെക്കന്റെ കൂട്ടര്‍ക്ക് കിട്ടുന്നേലും നല്ല സൌകര്യങ്ങള്‍ ആണ് ഞങ്ങള്‍ക്ക് കിട്ടീത്. അവരെല്ലാം അച്ഛനു കൊടുക്കണ ആദരവും സ്നേഹോം കണ്ടപ്പോള്‍ കുഞ്ഞു മനസ്സില്‍ ഒരു കാര്യം പതിഞ്ഞു " വലുതാവുമ്പോള്‍ പറ്റുന്നത്രയും പേര്‍ക്ക് ജോലി കൊടുക്കണം". അങ്ങിനെ ഒരു ചിന്ത അന്ന് ഉണ്ടായ കാരണം ആയിരിക്കാം പിന്നീട് പലര്‍ക്കും ജോലി കിട്ടുവാന്‍ സഹായിക്കാന്‍ ഞാന്‍ ഉത്സാഹം കാട്ടി.
സംസ്ഥാന തലത്തില്‍ ഒരു പരീക്ഷയും കൂടി ഞാന്‍ പാസ് ആയി. അടുത്ത ദിവസം ഇന്റര്‍വ്യൂ ആയിരുന്നൂ . ഒരുമാതിരി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഞാന്‍ കൊടുത്തു. അപ്പോഴാണ് മേശക്കപ്പുറം ഇരിക്കണ അഞ്ചു പേരില്‍ നിന്നും ഒരു ടൈ കെട്ടിയ ആള്‍ ചോദിച്ചു " ഇപ്പൊ ഈ ബില്ടിങ്ങിനു തീ പിടിച്ചാല്‍ എന്ത് ചെയ്യും ?" . അതൊരു ആടിറ്റൊറിയം പോലത്തെ സ്ഥലം ആയിരുന്നൂ. മുന്നില്‍ കണ്ട മൈക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു " കെട്ടിടത്തിനു തീ പിടിച്ചെന്നും ഉടന്‍ തന്നെ കെട്ടിടം ഖാലി ആക്കാന്‍ മൈക്കിലൂടെ ഘോഷണ ചെയ്യും ".. സംയമനം വിടാതുള്ള മറുപടി അവര്‍ക്ക് ബോധിച്ചു . കേരളത്തില്‍ നിന്നും ആ വര്‍ഷത്തെ 11 നാഷണല്‍ മെറിറ്റ് സ്കോളര്‍മാരില്‍ ഒരാള്‍ ആകാന്‍ എനിക്കും കഴിഞ്ഞു . സകല ചിലവും തന്നു ബോര്‍ഡിങ്ങില്‍ പത്തു വരെ ഉള്ള പഠനം ഇനി സര്‍ക്കാര്‍ വക . അതും ലൊയോള റെസിടെന്‍ഷിയല്‍ സ്കൂളില്‍ .
നാട്ടില്‍ സ്കൂളില്‍ ഹെഡ് മാഷെ വിവരം അറിയിച്ചപ്പോ അദ്ദേഹം പറഞ്ഞു "സൈനികില്‍ അഡ്മിഷന്‍ കിട്ടഞ്ഞപ്പോ ഞാന്‍ പറഞ്ഞില്ല്യെ അതിലും നല്ലത് കിട്ടുംന്ന് ". അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവ് ഉണ്ടായിരുന്നോ എന്ന് ഒരു സംശയം . ഇന്ന് എനിക്ക് ആ നനവിന്റെ ആര്‍ദ്രത മനസ്സിലാവുന്നൂ.
ഒരു ചെറ്യ പ്രശ്നം മാത്രം. വയസ്സ് കുറവായ കാരണം ഏഴാം ക്ലാസ്സില്‍ തന്നെ പഠിക്കണം. ഡോണ്‍ ബോസ്കോയില്‍ പോയപ്പോള്‍ ഉള്ളതിനേക്കാള്‍ പക്വത വന്നതിനാലും പിന്നെ ലോയോളയിലെ സൌകര്യങ്ങള്‍ കണ്ടു ഇഷ്ടപ്പെട്ടതിനാലും ഇപ്രാവശ്യം ഞാന്‍ ഉടക്കൊന്നും ഉണ്ടാക്കിയില്ല്യ. അങ്ങിനെ നാട്ടില്‍ നിന്നും സ്കോളര്‍ഷിപ് കിട്ടി തിരോന്ദ്രത് പോയി പഠിക്കണ ആദ്യത്തെ കുട്ടി എന്നുള്ള പേരും നമുക്ക് ചാര്‍ത്തിക്കിട്ടി.

നല്ല ഹൃദ്യമായ കുറിപ്പ് ആശംസകള്‍ .............
ReplyDeleteഇതെന്നാ സംഭവിച്ചത് എന്നുകൂടി പറയാമായിരുന്നു
ReplyDeleteനല്ല ഓര്‍മ്മകള്‍...
ReplyDeleteDid you study in Loyola School, Trivandrum? If so which year?????
ReplyDeleteഒഴാക്കാന്‍ , Xina Crooning : ഞാന്‍ ലോയോളയിലെ 82 ബാച്ച് ആണ്.
ReplyDeleteശ്രീ, അനസ് : നന്ദി.
അതിനിപ്പോൾ എന്താ നാട്ടുമ്പുറത്തുനിന്നും തിരോന്തരത്ത് പോയി പഠിച്ച ഗുണം ഇപ്പൊണ്ടായില്ലേ....
ReplyDeleteഓര്‍മ്മകള്‍ പങ്കുവച്ചതിനു നന്ദി.
ReplyDelete