ഞാന്‍ മേനോന്‍

My photo
Faridabad, India
let me attempt to share my thoughts....

Friday, October 29, 2010

മലയപ്പൊതി വിശേഷം

 സ്ഥലം : പാലക്കാട്‌ ജില്ലയിലെ ഒരു ഗ്രാമം
സമയം : രാവിലെ ഉദ്ദേശം 10 മണി ( 25 വര്‍ഷം മുമ്പാണ് )
സ്ഥലത്തെ ഭേദപ്പെട്ട കുടുംബങ്ങളിലെ വളര്‍ന്നു വരുന്ന താരങ്ങളാണ് ചന്ദ്രന്‍, ഗോപി, ജ്യോതി, വിവേക്,  സുരേഷ്, ത്യാഗു, കുമാര്‍, വിജയന്‍, രാധ , ശബരി ,  ഹരി , എന്നിവര്‍ ‍. വെക്കേഷന്‍ ആയ കാരണം വിദ്യാഭ്യാസവുമായി ബന്ധമുള്ള മുകളില്‍ പറഞ്ഞ ടീമിനെ കൂടാതെ ഇവരുടെ കൂടെ ദിലീപന്‍, ദിനേശന്‍, സുനില്‍, വേണു, സുഗുണന്‍ എന്നീ കൂട്ടുകാരും മിക്കവാറും കാണും. ( രണ്ടാമത്തെ  ടീമിന്  വിദ്യ  എന്ന  അഭ്യാസത്തെപ്പറ്റി  തികച്ചും  വ്യത്യസ്തമായ  കാഴ്ചപ്പാട് ആണുള്ളത് ) ജാതി മത ചിന്തകള്‍ ഒന്നും തടസ്സം നില്‍ക്കാത്ത വിശാലമായ വീക്ഷണം ഉള്ള കാരണം ഞങ്ങളുടെ വീടുകളില്‍ ദിവസക്കൂലിക്ക്  പണി എടുക്കുന്ന കണ്ടന്‍ , കുഞെലന്‍, കാശു,മാണി മുതല്പെരും ഫ്രീയായി ഈ കൂട്ടത്തില്‍ കൂടിയിരുന്നു.
ഭക്തിയിലും എളിമയിലും  ഒക്കെ ഒരുവിധം വിശ്വാസം ഉള്ള കൂട്ടമായിരുന്നു ഇത് . ഞങ്ങടെ ഒരു കൂട്ടുകാരനായ രാധേടെ അപ്പന്‍ തങ്കപ്പു ഏട്ടന്‍ എന്ന മാന്യദേഹം ഒരു എക്സ് ആയിരുന്ന  കാരണം അദ്ദേഹത്തിന് തെറ്റില്ലാത്ത പവര്‍ ഒക്കെണ്ടാര്‍ന്നു  . തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന കാരണമാവാം പല പരിപാടികള്‍ക്കും  ഒരു തമിഴ് ചുവ ഉണ്ടായിരുന്നു. ഞങ്ങള്‍ടെ അടുത്തുള്ള തെറ്റില്ലാത്ത ഒരു  വിശുദ്ധ സ്പോട്ട് ആയിര്ന്നൂ " മലയപ്പൊതി ". ഒരു കുന്നിന്‍ മുകളില്‍ ഉള്ള അമ്പലമൊന്നും ഇല്ലാത്ത ഒരു സ്ഥലം ആണ് സ്പോട്ട്. ഭയങ്കര ശക്തീള്ള ഒരു  ചങ്ങാതിയാണ് ആരാധനാ മൂര്‍ത്തി.  പേര് മുത്തപ്പന്‍. എന്താ വിചാരിച്ചേ  അത്  നടന്നിരിക്കും ( എവടെ. അങ്ങന്യാനെങ്കില്‍  പലരും  SSLC എന്ന വല്ല്യ കടമ്പ പുല്ലു പോലെ കടക്കെണ്ടതല്ലേ... ശ്ശോ.. വിശ്വാസത്തില്‍ ചോദ്യമില്ല ) 
യുവജനങ്ങളുടെ  ഹീറോ ആണ് മുത്തപ്പന്‍. എന്തോണ്ടാണ് ഈ പുള്ളി ഞങ്ങള്‍ടെ ഒക്കെ ഫെവറിറ്റ് ആയത് എന്ന് നിങ്ങള്‍  ചോദിച്ചാല്‍ അതിന്റെ  അര്‍ഥം നിങ്ങക്ക് ഈ സ്ഥലത്തെ പറ്റി യാതൊരു പിടീല്യന്നാണ്. മുകളില്‍ പറഞ്ഞ ഗ്രൂപ്പ് മുഴുവന്‍ 15 നും 25 നും ഇടയില്‍ പ്രായം ഉള്ള ടീം ആണ്. ക്ലൂ തന്നിട്ടും ഉത്തരം കിട്ടീല്ല്യ ? ഇവിടത്തെ നിവേദ്യം എന്താ ‍അറ്യോ - കോഴീം കള്ളും. ഒരു മലയുടെ മുകളില്‍ ആയ കാരണം അത്ര പെട്ടെന്നൊന്നും ആര്‍ക്കും എത്താന്‍ എളുപ്പോമല്ല - അതായത് സ്ഥലം നല്ല സേഫ് ആണ്.    
തങ്കപ്പു ഏട്ടന്‍ ഒരു  ദിവസം  ഞങ്ങളോട്  ഒരു  ഗുഡ് ന്യൂസ്‌ ( ഛെ ... അതല്ലാട്ടോ  .. ഇതെന്തു  കഷ്ടാ  ... ഈ  ഒരു വാക്ക് പറഞ്ഞാല്‍ അപ്പൊ ജനം തെറ്റിദ്ധരിക്കും എന്താ ചെയ്യുക) പറഞ്ഞു.   " ഡാ പിള്ളേരെ ..നാളെ നമുക്ക് മലയപ്പൊതിയില്‍ ഒരു നേര്‍ച്ച ഉണ്ട്.നമുക്കെല്ലാം പോണം. കേട്ട പാതി കേള്‍ക്കാത്ത പാതി പലരും തയ്യാറെടുപ്പ് തുടങ്ങി.അല്പം ഡിട്ടക്ടീവ്  ചിന്ത ഉള്ള ചന്ദ്രനും ഗോപുവും തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചിട്ട് പരിപാടി പറ്റിക്കല്‍ അല്ലെന്നുറപ്പ് വരുത്തി. ഈ ഫ്രീ ഓഫറുകളില്‍ എല്ലാം  മിക്കവാറും  എന്തെങ്കിലും  പാര  ഉണ്ടാകും  എന്നാണു  അനുഭവജ്ഞാനം.  (ഞങ്ങളുടെ അടുത്ത് ഇഷ്ടം പോലെ ഉള്ള ഒരു സാധനം ).  
പിറ്റേന്നു രാവിലെ 10 നു മുത്തപ്പ സന്നിധിയിലേക്കുള്ള പുറപ്പാടായി.  ഗ്രൂപ്പ് തരിഞ്ഞു പല  കണ്ണില്‍ പെടാത്ത ചെറിയ സംഘങ്ങളായി വേറെ വേറെ വഴികളിലൂടെ ടീമുകള്‍ യാത്ര തുടങ്ങി. എല്ലാവരും കൂടി ഒന്നിച്ച് എങ്ങാനും നീങ്ങിയാല്‍ യാതൊരു പണിയും ഇല്ലാത്ത ഒരുപാട് ടീമുകള്‍ ചുമ്മാ മണത്തു കൂടെ കൂടും.
മലമുകളില്‍ എല്ലാരും ഒരു മണിക്കൂറിനുള്ളില്‍ ഉഷാറായി എത്തി. തങ്കപ്പു ഏട്ടനും  ടീമും കള്ളും കോഴീം ഒക്കെ ആയി ഒരു ജീപ്പില്‍ ആണ് വന്നത്. പെട്ടെന്ന് തന്നെ കോഴ്യേ ബലി കൊടുത്തു.പിന്നെ മുത്തപ്പന് കള്ള് അഭിഷേകം ചെയ്യേം ചെയ്തു. പറഞ്ഞ സമയം കൊണ്ടു കോഴി നല്ല ചിക്കന്‍ കറി ആയി മാറി. ഈ സമയത്തിനുള്ളില്‍ ചോറും റെഡി ആയി. "ഡാ പിള്ളേരെ തൊടങ്ങിക്കോ" എന്ന തങ്കപ്പു ഏട്ടന്റെ ഗ്രീന്‍ സിഗ്നല്‍ കിട്ടീതും എല്ലാവരും ആക്ടീവ് ആയി. വെയിലൊന്നും പിന്നെ പ്രശ്നമേ അല്ലായിരുന്നു. തരക്കേടില്ലാത്ത വോളിയും കള്ള് അകത്തേക്ക് പോയെങ്കിലും ചന്ദ്രനും ഗോപുവും ചിക്കന്‍ കറീം ചോറും നല്ലോണം കഴിച്ച് ഒരു ബാലന്‍സ് ഒക്കെ വരുത്തി.  അല്പം കഴിഞ്ഞപ്പോ ചന്ദ്രന്റെ തോളില്‍ ഒരു ചെറ്യ തോണ്ടല്‍ .. പിന്നെ ഒരു അശരീരി " നടക്കട്ടെ  തമ്പ്രാന്‍ കുട്ട്യേ , ഇതൊക്കെ വേണ്ടതന്നെ ". അശരീരിയുടെ ഉറവിടം തേടി തിരിഞ്ഞു നോക്ക്യപ്പോ കണ്ടത് കണ്ടന്‍ എന്ന പണിക്കാരന്റെ പുഞ്ചിരിക്കുന്ന മുഖം. അപ്പൊ തന്നെ ഒരു ഞെട്ടലോടെ അറിഞ്ഞു " ഇത് വേണ്ടാത്ത ഒരു ഗെറ്റ് ടുഗേതര്‍ ആയി. നാളെ കണ്ടന്‍ വീട്ടില്‍ രാവിലെ 8 മണിക്ക് പണിക്കു വരുമ്പോള്‍ തന്നെ കഥ ലീക്ക് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല ".  എന്തായാലും ഗോപുവിനേം കൂട്ടി പെട്ടെന്ന് തന്നെ മുങ്ങി.
പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ചന്ദ്രന്റെ വീട്ടില്‍ പണിക്കു വന്നപ്പോള്‍  8 മണിക്ക് ചന്ദ്രന്‍  ഒരു ചാന്‍സ് കൊടുത്തില്ലെങ്കിലും 10 മണിക്ക് ചായ കുടിച്ചു വരുമ്പോ കണ്ടന്‍ അമ്മയെ കണ്ടു. ഭാഗ്യത്തിന് ചന്ദ്രനും സ്ഥലത്ത് ഉണ്ടായിരുന്നു. കണ്ടന്‍ ഉവാച " എന്നാലും തമ്പ്രാന്‍ കുട്ട്യേ, ഇന്നലെ .." .പെട്ടെന്ന് തന്നെ ചന്ദ്രന്‍ അവസരോചിതമായി കട്ട്‌ ചെയ്തു " ഇന്നലത്തെം നാളത്തെയും ഒക്കെ കഥ പിന്നെ പറയാം. ഇപ്പൊ വേഗം പണി നടക്കട്ടെ ." മകന്റെ കാര്യ പ്രാപ്തിയില്‍ അമ്മക്ക് വല്യ സന്തോഷം ആയി. ഒരു ചാന്‍സ് നഷ്ടപ്പെട്ട വിഷമത്തോടെ കണ്ടനും രക്ഷപെട്ട സന്തോഷത്തോടെ ചന്ദ്രനും നടന്നു നീങ്ങി. ചന്ദ്രന്‍ അപ്പൊ ആലോചിച്ചു : എങ്ങാനും കണ്ടന്‍  ഗൂട്ടന്‍സ്  പൊട്ടിച്ചിരുന്നെങ്കില്‍ എന്തായേനെ കഥ
പക്ഷെ കണ്ടന്‍ എല്ലാ ആയുധവും വെച്ച് കീഴടങ്ങീട്ടുണ്ടായിരുന്നില്യ . വയ്ന്നേരം പണി കഴിഞ്ഞ് ഇത്തിരി കള്ളൊക്കെ കുടിച്ചിട്ട് കളം മാറിക്കളിച്ചു. അതാ ഇവിടെ പറ്റീല്ലെങ്കില്‍ എന്താ അവട്യാവട്ടെ എന്ന പോലെ അദ്ദേഹം ഗോപുന്റെ വീട്ടില്‍ ഹാജര്‍ ആയി. പക്ഷെ ഗോപു ആരാ മോന്‍. കണ്ടനെ പറ്റി തെറ്റില്ലാത്ത വിധത്തില്‍ അപവാദം പറഞ്ഞു ഫലിപ്പിച്ചു വെച്ച കാരണം കണ്ടന്റെ ഗോള്‍ ശ്രമം ചീറ്റിപ്പോയി.  25 കൊല്ലങ്ങള്‍ക്ക് ശേഷം ഈ സംഭവത്തെ ചുണ്ടില്‍ ഒരു ചിരിയോടെ ഓര്‍ക്കാന്‍ ചന്ദ്രന് കഴിഞ്ഞെങ്കിലും അന്നെങ്ങാനും കണ്ടന്‍ വിജയിച്ചിരുന്നെകില്‍ ഹിസ്റ്ററി മാറിയിരുന്നേനെ. ഈ കഥയിലെ പല കഥാപാത്രങ്ങളും കണ്ടിട്ട് തന്നെ പല പല വര്‍ഷങ്ങള്‍ ആകുന്നു എങ്കിലും ഇപ്പോഴും ഏതാനും ആഴ്ച കൂടുമ്പോള്‍ എങ്കിലും ചന്ദ്രനും ഗോപുവും ഫോണില്‍ ബന്ധപ്പെടാറുണ്ട്.
പിന്നെ 1000 മൈല്‍  ദൂരമുള്ള  രണ്ടു  നഗരങ്ങളില്‍  ആണ്  താമസം എങ്കിലും വല്ലപ്പോഴും ഒക്കെ  കാണുകയും ചെയ്യാറുണ്ട്.  ആ സുഹൃത്ത് ബന്ധത്തിന്റെ ചരടിന്നും പൊട്ടാതെ  തുടരുന്നൂ...  

7 comments:

  1. ചന്ദ്രൻ രക്ഷിച്ചു...അല്ലേ ?
    നന്നായി തന്നെ എല്ലാവായനക്കാരേയും , ചെറുപ്പകാലത്തേക്ക് കൂട്ടി കൊണ്ടുപോയി കേട്ടൊ ഭായ്
    പനംകള്ളായിരുന്നൊ...ബലിക്കോഴിക്കൊപ്പം ?

    ReplyDelete
  2. മുരളീമുകുന്ദന്‍ മാഷെ

    ഊഹം ശര്യാട്ടോ. പനങ്കള്ള് തന്നെ ആയിരുന്നൂ. പാലക്കാട്‌ പനകളുടെ നാടല്ലെ .

    ReplyDelete
  3. ബലിക്കോഴിയെ കറിവെച്ചടിച്ച ഇൻഡ്യാ മേനോനും കൂട്ടുകാർക്കും മുത്തപ്പകോപം ഉണ്ടാവാതിരിക്കാൻ അടുത്ത ബ്ലോഗ് മീറ്റിൽ പ്രതിവിധി ചെയ്യേണ്ടതാകുന്നു! (അശരീരി കേട്ടില്ലേ!? “മുത്തപ്പന്റെ ദാഹം തീർന്നിട്ടില്യാ.....! ബെസപ്പ് മാറീട്ടില്യാ....!)

    ReplyDelete
  4. എന്റെ പോന്നു ജയന്‍ മാഷെ ,

    എങ്ങന്യാ കോപം ഉണ്ടാവുക ? ഒന്നാമത് അത് കഴിച്ചത് ചന്ദ്രനും ഗോപൂം ഒക്കെ അല്ലെ. എന്നോടെന്തിനാ മുത്തപ്പന്‍ കൊപിക്കണേ ?പിന്നെ അവ്ടത്തെ രീതി അതാ... നേര്‍ച്ച ചെയ്ത കോഴി കഴിച്ചില്ലെങ്കില്‍ ആണ് മുത്തപ്പന്‍ കൊപിക്ക്വ ... മുത്തപ്പന്റെ ദാഹം തീര്‍ന്നില്യെങ്കില്‍ ഇപ്പോഴും തങ്കപ്പു ഏട്ടന്റെ മോനും മര്വോനും ഒക്കെ അവ്ടെ ഉണ്ട്. ഒറ്റ ഫോണ്‍ മതി സകല ടീമും പുറപ്പെടും ...ഗോപൂനോട് പറഞ്ഞാലോ എന്ന് ആലോചിക്യാ

    ReplyDelete
  5. ഹി ഹി ഹി.
    സ്വന്തം റോളിനെ പറ്റി എവിടെയും പറഞ്ഞു കണ്ടില്ല??
    നല്ല വെള്ളമാ അല്ലേ? ഹി ഹി ഹി.
    നാട്ടിന്‍പുറത്ത് ജനിച്ചതിന്റെ ഗുണം ഇതൊക്കെയാണ്.
    മുത്തപ്പനും കോഴിയും ഒക്കെ പരിചയ കഥാപാത്രങ്ങള്‍ തന്നെ.
    എഴുത്ത് തുടരൂ. ആശംസകള്‍.

    ReplyDelete
  6. കമന്റ്‌ settings -ല്‍ പോയി വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കിയാല്‍ മതി.

    ReplyDelete
  7. എല്ലാം മുത്തപ്പന് മാത്രം അറിയാം! എന്നാലും ആ കോഴിയും കള്ളും കോമ്പി അതാണ്‌ കോമ്പി. പിന്നെ ആ ജയേട്ടന് പറഞ്ഞപോലെ ചെയ്തേര് മുത്തപ്പന്റെ അടുത്ത് വലിയ പിടിപാലുള്ള ആളാ

    ReplyDelete

Creative Commons Licence
This work by Indiamenon is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.