ഇന്നലെ വൈകുന്നേരം ഓഫീസില്‍ നിന്നും വൈകിട്ട് വീട് എത്താറായപ്പോള്‍ രണ്ടു മൂന്നു വീടപ്പുറത്ത് ഒരു ആള്‍ക്കൂട്ടം. സ്വന്തം ജോലിയില്‍ വലിയ ഉത്സാഹമൊന്നും ഇല്ലെങ്കിലും നാട്ടുവിശേഷങ്ങള്‍ ഒന്ന് പോലും മിസ്സ് ചെയ്യാത്ത എന്റെ ഡ്രൈവര്‍ സംഭവത്തിന്റെ രഹസ്യം പങ്കു വച്ചു. ആ വീട്ടിലെ വെറും 22 വയസ്സുള്ള പയ്യന്‍ സ്വയം തീ കൊളുത്തിയത്രേ. രാവിലെ തന്നെ പോലീസെല്ലാം വന്നിരുന്നുവത്രേ. പയ്യനെ പറ്റി ഓര്‍ത്തിട്ടു സങ്കടം തോന്നിയെങ്കിലും നമ്മുടെ പോലീസിന്റെ ശുഷ്കാന്തിയെ പറ്റി ആലോചിച്ചപ്പോള്‍ ഒരു അഭിമാനം ഒക്കെ തോന്നി. സിനിമാക്കാര്‍ ചുമ്മാ പറയുന്നതല്ലേ പോലീസെപ്പോഴും എല്ലാം കഴിഞ്ഞേ എത്തൂ എന്ന് . ഡ്രൈവറില്‍ നിന്നും വിവരങ്ങള്‍ വിശദമായി അറിയാന്‍ തീരുമാനിച്ചു.
പയ്യന്റെ ഫാമിലി സ്വല്പം സ്ഥിതിയുള്ള കൂട്ടത്തില്‍ ആണ് . പയ്യന്‍ ആണെങ്കില്‍ തെറ്റില്ലാത്ത നല്ല ജോലിയും ഉണ്ട്. വിദ്യാഭ്യാസം ഉള്ള കാരണം മില്‍സ് ആന്‍ഡ് ബൂണ്‍സു വായിച്ചിട്ടാണോ അതോ " ദില്‍ തോ പാഗല്‍ ഹൈ " പോലുള്ള പ്രണയ സിനിമകള്‍ കണ്ടിട്ടാണോ എന്തോ പയ്യനും ഇമോഷണലി സ്വല്പം ചഞ്ചലചിത്തന്‍ ആയിരുന്നത്രെ. ആണുങ്ങളുടെ അത്രയും അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ഉള്ള കാരണം നമ്മുടെ പയ്യന് സ്വന്തം ഹൃദയം തീറെഴുതി കൊടുക്കാന്‍ ഒരു സുന്ദരിയെ കണ്ടെത്താന്‍ വലിയ വിഷമം ഉണ്ടായില്ല. പക്ഷെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു രജിസ്റ്റര്‍ ചെയ്യാത്ത കാരണം ഗവേര്‍മെന്റ്റ് (പിതാവിന്റെ ഒരു പര്യായം) ഈ ഇടപാട് അംഗീകരിച്ചിരുന്നില്ല. എങ്കിലും സംഭവം ഒരുവിധം ഉഷാറായി തട്ടി മുട്ടി മുന്നേറി.
പെണ്ണിന്റെ സാമ്പത്തികം കുറച്ചു വീക്ക് ആയ കാരണം പയ്യന്‍ വീട്ടില്‍ വിഷയം അവതരിപ്പിക്കുന്ന പരിപാടി രാഷ്ട്രീയക്കാരന്റെ റോഡ് ഉത്ഘാടനം പോലെ മാറ്റി വച്ചു കൊണ്ടിരുന്നു.
അവസാനം പെണ്ണിന്റെ ഭാഗത്ത് നിന്നും പ്രഷര്‍ കൂടി വന്നപ്പോള്‍ ധൈര്യം സംഭരിച്ച് വിഷയം പയ്യന്‍ വീട്ടില്‍ അറിയിച്ചു. പോരെ പുകില് . തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ അത്രയും ഇല്ലെങ്കിലും , നെന്മാറ വല്ലങ്ങി വേലയോട് കിട പിടിക്കുന്ന ഒരു ചെറിയ സംഭവം പയ്യന്റെ വീട്ടില്‍ നടന്നു എന്നാണു സീ ബീ ഐ ചാരന്മാര്‍ (ഇപ്പൊ എവിടെ നോക്കിയാലും ഈ പാര്‍ടിയെ ഉള്ളൂ ) പറയുന്നത്. അടയ്ക്കാ ആണെങ്കില്‍ മടിയില്‍ വയ്ക്കാം ,പക്ഷെ അടയ്ക്കാമരം (നമ്മുടെ കവുങ്ങേ ) ആയാലോ ..അങ്ങിനെ വീട്ടില്‍ ഒരു പാനിപത് യുധക്കളത്തിന്റെ പ്രതീതി ഉണ്ടായപ്പോള്‍ പയ്യന് സ്വയം അഹ്മദ് ഷാ അബ്ദാലി ആയും സ്വന്തം വീട്ടുകാര്‍ എല്ലാം മറാട്ടകളും ആയി തോന്നി. പിതാവ് യുദ്ധ കലയിലെ നൈപുണ്യം പുറത്തെടുത്തപ്പോള്‍ പയ്യന് യുദ്ധക്കളം ത്യജിച്ച അശോകന്റെ റോള്‍.
എന്തിനധികം പറയുന്നൂ...ജയിക്കാന്‍ യാതൊരു സാധ്യതയും കാണാഞ്ഞോ എന്തോ പയ്യന്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തു. വീട്ടില്‍ നിന്നും അധികം ദൂരത്തല്ലാത്ത ഒരു ഷോപ്പിംഗ് കോമ്പ്ലെക്സില്‍ വച്ചു പയ്യന്‍ സ്വയം കത്തി തീര്‍ന്നു. 22 വര്‍ഷത്തെ മാതാപിതാക്കളുടെ മോഹങ്ങളേ ഒറ്റയടിക്ക് തല്ലിക്കെടുതിയിട്ടു പോകും മുമ്പ് ഇനിയുള്ള നാളുകളില്‍ അവരെന്തു ചെയ്യും എന്ന് പയ്യന്‍ ഓര്‍ത്തോ എന്തോ .. ഇത്രയും ഭയങ്കരമായ ഒരു വിധിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ മാതാപിതാക്കളുടെ തീരുമാനം മറ്റൊന്നായിരുന്നിരിക്കുമോ ആവോ ..
എന്തായാലും തീരാത്ത നഷ്ടം മാത്രം മാതാപിതാക്കള്‍ക്ക് നല്‍കി പയ്യന്‍ നരകത്തിലേക്ക് യാത്രയായി. നരകത്തിലേക്കാണ് പോയത് എന്ന് ഞാന്‍ എങ്ങിനെയാണ് അറിഞ്ഞതെന്നോ ... ആ അച്ച്ഛന്റെ കണ്ണുനീരില്‍ കുതിര്‍ന്ന മുഖത്തേക്ക് ഒരു വട്ടം നോക്കിയാല്‍ ആര്‍ക്കും ആ കാര്യത്തില്‍ സംശയമേ ഉണ്ടാവില്ല.

No comments:
Post a Comment