കൊതി മൂത്താല്‍ ഇതും ഇതിലപ്പുറവും പറ്റും . ഇനി പറഞ്ഞിട്ടെന്തു കാര്യം. രാവിലെ ആപ്പീസെന്ന സ്ഥലത്തേക്ക് പോകുമ്പോള്‍ ഭാര്യ വയ്ക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് കൊണ്ടു മാത്രമാണ് ഉച്ചഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടുപോകുന്നത്. ഉള്ളത് പറയാമല്ലോ.ഭക്ഷണം പണ്ടേ നമ്മുടെ ഒരു വീക്ക് പോയിന്റാണ്. ഇതില്‍ ഇത്ര അത്ബുധപ്പെടാന്‍ ഒന്നുമില്ല . ഞാന്‍ ഈ സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റം കാട്ടി....പലരും ധൈര്യപ്പെടാറില്ല. പിന്നെ ചിലര്‍ക്ക് ഇങ്ങിനെ പറയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും സത്യം മാത്രം പറയണം എന്ന ഗാന്ധിയന്‍ ചിന്ത മുറുകെ പിടിക്കുന്ന കാരണം വാമഭാഗത്തിന്റെ പാചകനൈപുണ്യത്തെപറ്റി അടിവരയിട്ടിങ്ങനെ പറയാന്‍ നിര്‍വാഹവുമില്ല.
പച്ചക്കറികള്‍ വാങ്ങാന്‍ ഇടക്കെല്ലാം അല്പം സഹായഹസ്തം നീട്ടി അങ്ങാടിയില്‍ കൂടെ പോകുന്ന കാരണം ഒരിക്കലും എനിക്ക് എക്കിട്ട് ഉണ്ടാകാറില്ല - ഇടയ്ക്കിടയ്ക്ക് ഞെട്ടിയാല്‍ എക്കിട്ട് വരില്ല എന്ന നാടന്‍ വിശ്വാസം എത്ര ശരിയാണ്. കഷ്ടി 2 വര്‍ഷം മുമ്പ് കിലോക്ക് 16 രൂപ എന്ന് പറഞ്ഞാല്‍ " ഹാവൂ ...എന്തൊരു വില " എന്ന് പറഞ്ഞ് വാങ്ങാതെ വന്നിരുന്ന ഈ ഞാന്‍ ഇപ്പോള്‍ കാല്‍ കിലോവിനു 16 രൂപ എന്ന് പറയുമ്പോള്‍ "എന്തൊരു ലാഭം" എന്ന് പറഞ്ഞിട്ടൊരു അരക്കിലോ വാങ്ങാന്‍ മടിക്കാത്ത സ്ഥിതിയായി. ( നമ്മുടെ വരുമാനം പണ്ടാതെതില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലെന്ന സത്യം ഓര്‍ക്കുമ്പോള്‍ പച്ചക്കറി വ്യാപാരവും അത്ര മോശമല്ലാത്ത തൊഴിലല്ലേ എന്ന ചിന്ത മനസ്സിനെ ഒരു മുള്ളു കൊണ്ടെന്ന പോലെ പോറി നീറ്റല്‍ ഏല്പിച്ചു )
ദിവസവും രാവിലെ അല്ലെങ്കില്‍ തലേന്ന് രാത്രി തന്നെ ഏതു പച്ചക്കറിയാണ് ചപ്പാത്തിയുടെ കൂടെ വേണ്ടത് എന്ന് കളത്രം സ്നേഹപൂര്‍വ്വം ചോദിച്ചിട്ട് അത് തയ്യാര്‍ ചെയ്തു തരുന്ന കാരണം എത്രയൊക്കെ ശ്രമിച്ചിട്ടും നമ്മുടെ ഭാരം കല്യാണ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 50 % കൂടി. പിന്നെ ഉച്ചക്ക് ഇതൊക്കെ ആണെങ്കിലും രാത്രി ഊണിന്‍ടെ കാര്യത്തില്‍ യാതൊരു കോമ്പ്രമൈസും നാം ചെയ്യാറില്ല. അടുക്കള നയത്തില്‍ കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ധാരണ ഉണ്ടാകി - 50 - 50 . മനസ്സിലായില്ല അല്ലെ - പറഞ്ഞ് തരാം - ആദ്യത്തെ പകുതി -- അതായത് പാചകം - ഞാന്‍ അങ്ങോട്ട് വിട്ടുകൊടുത്തു - പക്ഷെ അവസാന പകുതി - അതായത് വച്ചത് മുഴുവന്‍ കാലിയാക്കുക - കമ്പ്ലീറ്റ് എന്റെ ഉത്തരവാദിത്തം ആയി . വര്‍ഷങ്ങളായി ആ ഉത്തരവാദിത്തം ഞാന്‍ ഭംഗി ആയി നിര്‍വഹിക്കുന്നുണ്ടെന്ന് ഉള്ള അഭിപ്രായം ഞങ്ങളുടെ എല്ലാ ബന്ധുക്കളും ഇപ്പോഴും പറയാറുണ്ട്.
ഇന്നലെ മാര്‍കെറ്റില്‍ പോയപ്പോള്‍ പാലക് (ഒരു ഇലവര്‍ഗം - നമ്മുടെ വേറൊരു വീക്നെസ്) അങ്ങോട്ട് വാങ്ങി. വീടെത്തുമ്പോഴേക്കും ഇന്നത്തെ ചോറ്റുപാത്രത്തില്‍ ഈ സംഭവം വയ്ക്കാന്‍ ഒരു ധാരണയായി. സന്തോഷം കാരണം രാത്രി രണ്ടുരുള കൂടുതല്‍ ഉണ്ടു. ( ഇതൊരു പുതിയ സംഭവം ഒന്നും അല്ല - എന്നും നമുക്ക് സന്തോഷിക്കാന്‍ എന്തെങ്കിലും വകുപ്പ് ഉണ്ടാകാറുണ്ട്. ) രാവിലെ ഈ സ്പെഷ്യല്‍ ഉണ്ടാക്കാന്‍ വേണ്ടി ഉള്ള പരിപാടികള്‍ ആരംഭിച്ചു. യാതൊരു പണിയും ഇല്ലാതിരുന്നിട്ടും അടുക്കളയുടെ അടുത്ത് ചുറ്റിപ്പറ്റി നടന്നു. കലാപരിപാടികള്‍ പുരോഗമിക്കവേ മിക്സിയില്‍ അരയ്ക്കാന്‍ ഉള്ള ഐറ്റംസ് ഇട്ടിട്ടു ജാര്‍ വാമഭാഗം കയ്യില്‍ തന്നു. ആഹാ..ഭയങ്കര സന്തോഷം തോന്നി. ജാര്‍ മിക്സിയുടെ മുകളില്‍ വച്ചിട്ട് സ്വിച്ച് ഓണ്‍ ചെയ്തു - ഏഹെ - അനക്കമില്ല - ഇനവേര്ടരിലേക്ക് നോക്കി ലൈറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തി. വീണ്ടും ഉഷാറായി പ്ലുഗ് ഒക്കെ അമര്‍ത്തി കുത്തി സ്വിച്ച് ഓണ്‍ ചെയ്തു.എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് മിക്സി എന്നെ നോക്കി , എലെക്ഷന്‍ കഴിഞ്ഞ സ്ഥാനാര്‍ഥിയുടെ പോലെ , യാതൊരു പരിചയവും കാണിച്ചില്ല. അടി, തട തുടങ്ങിയ ചില ഭേദ്യങ്ങള്‍ പ്രയോഗിച്ചെങ്കിലും പഠിച്ച കള്ളന്മാരെപ്പോലെ അത് യാതൊരു മാറ്റവും ഉണ്ടാക്കീല. അരയ്പ്പൊന്നും ഇല്ലാതെ സംഭവം ഉണ്ടാക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ് എന്നെ ശരിക്കും ഞെട്ടിച്ചു. അപ്പോഴാണ് പഴമൊഴി ഓര്‍മ വന്നത് - തൊണ്ടിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്‍ണ് - മറ്റൊരു തിരിച്ചറിവും ശക്തി പ്രാപിച്ചു - പഴഞ്ചൊല്ലില്‍ പതിരില്ല

No comments:
Post a Comment