ഞാന്‍ മേനോന്‍

My photo
Faridabad, India
let me attempt to share my thoughts....

Monday, November 15, 2010

ഒരു ആഗ്ര യാത്ര

"ആഗ്രെടെ ഇത്ര അടുത്ത് ഇരുന്നിട്ട് ഞാന്‍ ഇത് വരെ താജ്മഹല്‍ കണ്ടില്യല്ലോ അച്ഛാ"  എന്ന  മോന്റെ  കമന്റിനെ  തീര്‍ത്തും  അവഗണിക്കാന്‍ പറ്റീല്യ.    താജ് മഹല്‍ എന്ന സുന്ദരമായ സൃഷ്ടി കാണണം എന്ന് അവനു തോന്നാന്‍ ഒരു കാരണം ഈ സ്ഥലത്തേക്ക്  ഞങ്ങള്‍ ഇപ്പൊ താമസിക്കുന്ന ഇടത്തുനിന്നും വെറും രണ്ടര മണിക്കൂര്‍ കൊണ്ടെത്താം എന്നത് കൊണ്ടാവാം. ഒരു പതിന്നാലു വര്‍ഷം മുമ്പ് ഞാനും വാമഭാഗവും ഈ ഉദാത്ത സൃഷ്ടി കണ്ടിട്ടുണ്ടെങ്കിലും സത്യം പറഞ്ഞാല്‍ മോനേക്കാള്‍ ഞങ്ങള്‍ക്കാണ് കൂടുതല്‍ ഉത്സാഹം ആയിരുന്നത്.  അങ്ങനെ താജ് മഹലും ആഗ്ര കോട്ടയും ഒക്കെ കാണാന്‍ പരിപാടി തയാര്‍ ആയി. കഴിഞ്ഞ ആഴ്ച മോന്റെ നിര്‍ബന്ധത്തിനു കീഴടങ്ങി ആഗ്ര വരെ പോയി.

താജ് എക്സ്പ്രസ്സ്‌ എന്ന തീവണ്ടിയില്‍ ആണ് ഞങ്ങളുടെ യാത്ര പ്ലാന്‍ ചെയ്തിരുന്നത് . ഒരാഴ്ച മുമ്പേ ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയ്ത കാരണം പോകാന്‍ ഉള്ള  റിസര്‍വേഷന്‍ ഉണ്ടായിരുന്നു. തിര്ച്ചുള്ള ടിക്കറ്റ്‌ വെയിറ്റ്ലിസ്റ്റ് ആയിരുന്നു -ന്നാലും അതൊക്കെ കണ്‍ഫേം ആകും എന്ന ധൈര്യം ഉണ്ടായിരുന്നു.  രാവിലെ എഴരക്കുള്ള ട്രെയിന്‍ വെറും 15 മിനിറ്റ്  മാത്രം ലേറ്റ് ആയിരുന്നൂ. റെയില്‍വേ ഓവര്‍ബ്രിഡ്ജിനു മുകളില്‍ നിന്നും ട്രെയിന്‍ കയറാന്‍  തിരക്ക്  പിടിച്ചു  പോകുന്ന  യാത്രക്കാരെ  നിരീക്ഷിക്കുമ്പോ ഒരു കാര്യം വ്യക്തായി - ബഹുജനം പലവിധം. ചിലര്‍ വളരെ കൂള്‍ ആയി പോകുമ്പോ മറ്റു ചിലര്‍ ഭയങ്കര ടെന്‍ഷനില്‍ ആയിരുന്നൂ. കുട്ടിയും കുടുംബോം ഒക്കെ ആയി ചിലരാകട്ടെ വളരെ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടും മുന്നേറി. റെയില്‍വേ അനൌണ്‍സ്മെന്റ് കേള്‍ക്കുബോള്‍ എല്ലാം ഒരു ചിന്ത എന്നെ വേട്ടയാടി " റെയില്‍വേയിലെ  ഉത്തരവാദപ്പെട്ട ആരും റെയില്‍വേ അനൌണ്‍സ്മെന്റ് കേള്‍ക്കാറില്ലെന്നു  തോന്നുന്നു ". ഒറ്റ പ്രാവശ്യം പോലും പ്ലാട്ഫോം  നമ്പര്‍ അവര്‍ ശരിക്കും ഉച്ചരിച്ചില്ല .. കഷ്ടം ..അക്ഷരസ്ഫുടത ഉള്ള എത്രയോ അഭ്യസ്തവിദ്യര്‍ ജോലി ഇല്ലാതെ വിഷമിച്ച് ഇരിക്കുന്നൂ... 

ട്രെയിന്‍ വെറും രണ്ടു മിനിട്ടേ നിറുത്തൂ എന്ന് അറിയണോണ്ട്  വളരെ കറക്റ്റ് ആയി നമ്മുടെ കമ്പാര്‍ട്ട്മെന്റ് നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കാന്‍ ശ്രദ്ധിച്ചു. മൂ ന്നു  പേര്‍ക്കായി   മൂന്നു  സീറ്റ്‌  ആണ്  റിസെര്‍വ്   ചെയ്തിരുന്നത്.   സീറ്റിന്റെ  അടുത്ത്  എത്യപ്പോള്‍  രണ്ടു   സീറ്റിനു  കുഴപ്പോന്നൂല്യ. .പക്ഷെ  മൂന്നാമത്തെ  സീറ്റിനു  മറ്റൊരു  അവകാശി  കൂടെ.  എന്റെ  ടിക്കറ്റ്  ഞാന്‍  അങ്ങോട്ട്‌  കാണിച്ചു  ഗമയില്‍  നിന്നപ്പോള്‍  ആ  ചങ്ങാതീം  അതന്നെ  ചെയ്തു.  അങ്ങടും ഇങ്ങടും ടിക്കറ്റ് കൈമാറി മറ്റേ ടിക്കറ്റില്‍ എന്തെങ്കിലും തെറ്റ് കണ്ടു പിടിക്കാന്‍ ഉള്ള രണ്ടു പെരുടേം വിദഗ്ധശ്രമം റെയില്‍വേ നിഷ്ഫലമാക്കി-ഒരേ സീറ്റിനു രണ്ടു പേര്‍ക്ക് കണ്‍ഫേം ടിക്കറ്റ് പുല്ലു പോലെ തന്നിരിക്കുനൂ -ടി ടി വരുമ്പോ  ഒരു  പരിഹാരത്തിന്  ശ്രമിക്കാം എന്ന വിചാരത്തോടെ രണ്ടു സീറ്റില്‍ ഞങ്ങള്‍ മൂന്നു പേര്‍ ഞെരുങ്ങി ഇരുന്നു. റെയില്‍വേ  ഇതെത്ര കണ്ടിരിക്കുനൂ - ടി ടി പോയിട്ടൊരു പട്ടി പോലും ആ യാത്രയില്‍  ആഗ്ര  വരെ  അങ്ങോട്ട്‌  വന്നതേ  ഇല്ല.  ഒരു  വഴക്കിനുള്ള  വകുപ്പ്  നഷ്ടപ്പെട്ടതിന്റെ  ദുഃഖം എന്റെ മുഖത്ത് കണ്ടിട്ടാവാം ശ്രീമതി എന്നെ കളിയാക്കി ചോദിച്ചു " ടി ടി വരാണ്ട് വല്യ വിഷമായി അല്ലെ ?".ഒരു ചമ്മിയ  ചിരി  പാസ്സാക്കി  ഞാന്‍  ആ  കമന്റ്   അവഗണിച്ചു.  (ഞാനെന്താ  ഭയങ്കര വഴക്കാളി ആണോ - ശരിയല്ലാത്തത് കണ്ടാല്‍ ഉടനെ തന്നെ പ്രതികരിക്കുന്നത് കൊണ്ടാവാം ഇങ്ങിനെ ഒരു കമന്റ് അവള്‍ പറഞ്ഞത്... എന്താപ്പോ ചെയ്യ്വ.. നമ്മുടെ ഒരു ഇമെയിജേ... )

പത്തര ആയപ്പോള്‍ ആഗ്രയില്‍ എത്താന്‍ പറ്റി.  സ്റ്റേഷനില്‍   നിന്നും  8 മണിക്കൂര്‍  നേരത്തേക്ക്  ഒരു  വാഹനം  കരാര്‍  ആക്കി.   എന്റെ  കൂടെ  ജോലി  ചെയ്യുന്ന  ചിലര്‍  പറഞ്ഞിരുന്നൂ  " ഉറപ്പായും   ദയാല്‍  ബാഘ്  കാണണംട്ടോ".  അപ്പൊ  ആദ്യം  അങ്ങട്  തന്നെ  പോട്ടെ  വണ്ടി  എന്ന്  തീരുമാനിച്ചു.  പതിനഞ്ചു  മിനിറ്റൊണ്ട്  സ്ഥലത്തെത്തി.  "രാധേസ്വമി മന്ദിര്‍".... ഇത്  കൃഷ്ണന്റെ  അമ്പലാട്ടോ എന്നുള്ള അവളുടെ വിലയിരുത്തലിനെ ഞാന്‍ തല കുലുക്കി ശരി വച്ചു. ഗയിറ്റില്‍ എത്തിയ ഞാന്‍ ശരിക്കും ഞെട്ടി. ഒരു വല്യ ബോര്‍ഡ്‌ എന്നെ സ്വാഗതം ചെയ്തു - " ഭണ്ടാര (ഒരു തരം കഞ്ഞിവീഴ്ത്ത് ) കാരണം  ഇന്ന്  സന്ദര്‍ശകര്‍ക്ക്  പ്രവേശനം  ഇല്ല."  ഭണ്ടാര ഒരു വല്യ പാര ആയത് ഞാന്‍ ഒരു ഞെട്ടലോടെ തിരച്ചറിഞ്ഞു.         

പറ്റീത് പറ്റി, എന്തായാലും വണ്ടി ടാജിലേക്ക് പോട്ടെന്നു തീരുമാനായി. ഡ്രൈവര്‍ ചന്ദു ഒരു മിടുമിടുക്കന്‍ ആയിരുന്നൂ. താജിന്റെ തെക്കേ  ഗയിറ്റിലെ തിരക്ക് കണ്ട അവന്‍ ഉടന്‍ വണ്ടി കിഴക്കേ ഗയിറ്റിലെക്ക് എടുത്തു. അവ്ടെ പിന്നേം തിരക്ക് കുറവായിരുന്നൂ. പിന്നെ ശനിയാഴ്ച ആയ കാരണം ഒരു 300 പേര്‍ മുന്നില്‍ ഉള്ളത് തിരക്കേ അല്ലെന്നു അവന്‍ വിദഗ്ധ വിലയിരുത്തല്‍ നടത്തി. ക്യുവിന്റെ നീളം കൂട്ടാന്‍ ഞങ്ങളും സഹകരിച്ചു.  അര  മണിക്കൂര്‍ കൊണ്ടു ഞങ്ങള്‍ പ്രവേശന ദ്വാരത്തില്‍ എത്തി. അവിടുത്തെ സ്കാന്നിംഗ് ഒക്കെ കണ്ടപ്പോള്‍ ചുറ്റും വല്ല ഭീകരരും ഉണ്ടോ എന്ന് ഓടിച്ചു നോക്കി (- പിന്നേ... ഭീകരര്‍ നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടല്ലെ നടക്കണേ .. വെറുതെ ). എന്തായാലും കയ്യില്‍ ഉണ്ടായിരുന്ന മിക്സ്ച്ചറും കടലേം ഒക്കെ ആ കാവല്‍ ഭടന്മാര്‍ ജപ്തി ചെയ്തു.. അവിടെ കുന്നു കൂട്ടി ഇട്ടേണ പാക്കറ്റുകള്‍ കണ്ടപ്പോ  ഇത്രയൊക്കെ ഇവന്മാര്‍ എങ്ങിനെ തിന്നു തീര്‍ക്കും ഭഗവാനേ എന്ന് ചിന്തിച്ചു പോയി. പിന്നേം ഒരു ഒന്നര മണിക്കൂര്‍ ക്യുവില്‍ അരിച്ചരിച്ചതിനു ശേഷമാണ് ഞങ്ങള്‍ താജിന്റെ അകത്തു കടന്നത്‌. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ക്യുവില്‍ നില്‍പ്പ് ആയിരുന്നൂ ആ ഒന്നര മണിക്കൂര്‍, കാരണം മാര്‍ബിളില്‍ തീര്‍ത്ത ഏറ്റവും സുന്ദരമായ സൃഷ്ടി യാതൊരു തിരക്കും കൂടാതെ ആസ്വദിക്കാന്‍ പറ്റി എന്നത് തന്നെ.

എത്രയേറെ പേര്‍ ഒട്ടനേകം വര്‍ഷങ്ങള്‍ കഠിന പ്രയത്നം ചെയ്തേന്റെ ഫലം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം പോലും  എത്ര പേരാണ് ആസ്വദിക്കുന്നത് . വളരെ ഉയരം കൂടിയ ഒരു കൂറ്റന്‍ സ്മാരകം ആണ് താജ്. സിമന്റും ക്രയിനും ഒന്നും ഇല്ല്യാണ്ടിരുന്ന കാലത്ത് ഇത്രേം വല്യ അത്ബുധം എങ്ങിനെ ഉണ്ടാക്കി എന്നാലോചിച്ചപ്പോള്‍ അന്നത്തെ  എഞ്ചിനീയര്‍മാരെ പറ്റി വളരെ മതിപ്പ് തോന്നി. നമ്മുടെ ഗവേര്‍മെണ്ടില്‍ ഇപ്പൊ ഇതിന്റെ പകുതി ഇല്ലെങ്കിലും ഒരു 2 ശതമാനം എങ്കിലും കഴിവുള്ള ആള്‍ക്കാര്‍ ആയിരുന്നേല്‍ നമ്മുടെ റോഡുകള്‍ ഒരു മഴക്കാലം കൊണ്ടു തന്നെ ഗട്ടറുകള്‍ ആവുമായിരുന്നോ എന്ന് ചിന്തിച്ചു പോയി. പക്ഷെ  അതെ  സമയം  തന്നെ  കൊങ്കണ്‍  റെയില്‍വേയും  ഡല്‍ഹി  മെട്രോയും  ഒക്കെ   യാഥാര്‍ത്ഥ്യം  ആക്കിയ  ശ്രീ .  ഇ. ശ്രീധരനും  ഇന്ത്യക്ക്  മറ്റു  വികസിത  രാജ്യങ്ങളെക്കാള്‍  ഒരു  പടി  മുന്നില്‍   നില്‍ക്കാന്‍  കെല്പു  ഉണ്ടാക്കി  തന്ന  ന്യുക്ലിയര്‍  ശാസ്ത്രജ്ഞനായ  മുന്‍  പ്രസിഡന്റ്‌   Dr.  എ പി ജെ അബ്ദുല്‍  കലാമും  ഒക്കെ  മനസ്സിലേക്ക്  കടന്നു  വന്നപ്പോള്‍  ചെറിയ  ആശ്വാസവും  തോന്നീ .  നമ്മുടെ  ഇടയിലും  പ്രഗല്‍ഭര്‍  ഉണ്ട്ട്ടോ...

യമുനയുടെ  തീരത്ത്  പ്രൌഡിയോടെ  തല  ഉയര്‍ത്തി  താജ്  നിന്നു.  യമുനയിലെ   കറുത്ത   വെള്ളം  കണ്ടപ്പോള്‍  യാതൊരു  തത്വദീക്ഷയും   ഇല്ലാതുള്ള യന്ത്രവല്‍ക്കരണത്തെ  ഓര്‍ത്തു  ലജ്ജ  തോന്നി.     ഒരു  മണിക്കൂറില്‍  ഏറെ  സമയം  കൊണ്ടാണ്   ഞങ്ങള്‍  ആ  വെണ്ണക്കല്‍   വിസ്മയം  കണ്ടു  തീര്‍ത്തത്.  മനസ്സുണ്ടായിട്ടൊന്നും അല്ല  അവ്ടുന്നു തിരിച്ചത്. പ്രിയതമയുടെ ഓര്‍മയ്ക്ക് വേണ്ടി പണ്ട് ഒരു ചക്രവര്‍ത്തി ഇത്രേം ചെയ്തത് ഇന്നത്തെ പരിഷ്കൃത സമൂഹത്തിലെ മാന്യന്മാരും മഹതികളും ചെയ്യുന്ന ചെയ്ത്ത് ആലോചിക്കുമ്പോ എത്ര പഴഞ്ചന്‍ ആണല്ലേ...ഇപ്പോള്‍ ഒക്കെ   ഡിവോര്‍സും  , അതില്യാണ്ടാന്നെ രണ്ടാം കല്യാണോം , പിന്നെ കല്യാണം കഴിക്കാണ്ടന്നെ കൂടെ കഴിയണ ലിവ് -ഇന്നും  ഒക്കെ ഫാഷന്‍  ആണെന്ന സത്യം എന്ത് കൊണ്ടോ മനസ്സില്‍ ഒരു അസ്വസ്ഥഥ ഉണ്ടാക്കി.

അടുത്ത ലക്‌ഷ്യം ആഗ്ര കോട്ട ആയിരുന്നൂ. പക്ഷെ അതിനു മുമ്പ് വിശപ്പിന്റെ വിളിക്ക് ചെവി കൊടുക്കാന്‍ തീരുമാനിച്ചു. ശുദ്ധ വെജിറ്റെരിയന്‍  ഹോട്ടല്‍ ആയ ദാസപ്രകാശ് എന്ന വൃത്തിയുള്ള സ്ഥലത്തേക്ക് തന്നെ ചന്ദു ഞങ്ങളെ കൊണ്ടു പോയി. സൌത്ത് ഇന്ത്യന്‍ ഊണ് തന്നെ ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം വളരെ രുചിയുള്ളത് ആയിരുന്നു എന്ന്  മാത്രം അല്ല ആകപ്പാടെ ഉള്ള ചുറ്റു പാടും പരിചാരകരും ഒക്കെ തന്നെ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തി എന്നത് ആഗ്രയിലെ ആ ഹോട്ടലിനെ പറ്റി ഏറെ മതിപ്പ് ഉളവാക്കി .  വൃത്തി അല്പം കൂടുതല്‍ ആയുള്ള മോന്‍ ആ ഹോട്ടലിന്റെ വൃത്തിയെ പ്പറ്റി രണ്ടു നല്ല വാക്ക്  പറഞ്ഞതില്‍ നിന്നും തന്നെ ആ സ്ഥലം വൃത്തി ഉള്ളതായിരുന്നെന്നുള്ളതിനുള്ള കാര്യം ഉറപ്പായില്ലേ...




ഒരുവിധം തെറ്റില്ലാതെ ഊണ് കഴിച്ചതിന്റെ ഒരു ചെറ്യ വിഷമം ആഗ്ര കോട്ടയുടെ കുത്തനെയുള്ള പ്രവേശന കവാടത്തിലെ കയറ്റം  എനിക്ക് ഉണ്ടാക്കീട്ടോ.  എന്നാലും കുഴപ്പല്യ..ഊണ് അസ്സല്‍ ആയിരുന്നൂ. ടിക്കറ്റ് എടുത്തു ഞങ്ങള്‍ കോട്ടയില്‍ പ്രവേശിച്ചു. ചുവന്ന കല്ലില്‍ ആണ് ഒട്ടു മിക്ക കോട്ടയും ഉണ്ടാക്കിയിരിക്കുന്നത്.  നടന്നു കാണാന്‍ തൊടങ്ങിയപ്പോള്‍  ആണ് ഇത് വളരെ വിസ്തീര്‍ണം ഏറിയ   ഒരു  വന്‍ കെട്ടിട സമുച്ചയം ആണെന്ന് മനസ്സിലായത്‌. പതിനാറില്‍  ഏറെ  കൊട്ടാരങ്ങള്‍  അതിനുള്ളില്‍  ഉണ്ടെന്ന്  മെല്ലെ ആണ് പിടി കിട്ടിയത്.  ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൊബൈല്‍ ബാത്ത്-ടബ്  എന്റെ മോന്‍ കൌതുകത്തോടെ ആണ് നോക്കിയത്.  ഒരു വലിയ തളത്തില്‍ നിന്നും മറ്റൊന്നിലേക്കു വഴി നീണ്ടു കൊണ്ടിരുന്നു.ഓരോ പുല്‍ത്തകിടിയും  ഏതാനും  ഏക്കര്‍  വിസ്ത്രുതിയുള്ളത് ആയിരുന്നു. കോട്ടയ്ക്കു ചുറ്റും ഉള്ള  കിടങ്ങും  ഏറെ വിസ്മയം  ഉണര്‍ത്തി.  അടുത്ത്  തന്നെ  എട്ടുപത്തു  വെള്ളക്കാര്‍  ഒരു  ചുള്ളന്‍  ഗൈഡിന്റെ   കൂടെ  നടന്നു  കോട്ട   കാണുന്നുണ്ടായിരുന്നു.  മിക്കവാറും 60 അല്ലെങ്കില്‍ 70 - ഓ അതിലേറെയോ പ്രായമുള്ളവര്‍. ഈ പ്രായത്തിലും ഇവര്‍ ഇത്ര ചുറുചുറുക്കോടെ  അന്യനാട്ടില്‍  കാഴ്ചകള്‍  കാണാന്‍  കാണിക്കുന്ന  ഉത്സാഹം  നമ്മുടെ  നാട്ടിലെ   55ല്‍  എത്തുമ്പോഴേക്കും  സ്വയം റിട്ടയര്‍ ആവുന്ന ജനത്തിന് ഒരു പാഠമാണ്. ഒരു വിദേശ  വനിത  ഗൈടിനോട്    ഷാജഹാന്റെ  മകളെ പറ്റി ചോദിക്കാന കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു " ഓഹോ , ഷാജഹാന് അങ്ങിനെ ഒരു മോളും ഉണ്ടോ ?" . ഈ വെള്ളക്കാരെല്ലാം ഒരു സ്ഥലത്തേക്ക് പോണേനു മുമ്പേ അവിടത്തെ സകല ചരിത്രവും അരച്ച് കലക്കി കുടിച്ചു മിടുക്കരായി വരണ കാരണം എനിക്ക് അവരോടു ബഹുമാനം ആയിരുന്നു. ചരിത്രം പണ്ടേ നമ്മുടെ വീക്ക് ആയ വിഷയം ആണ്.

ആ കോട്ട താഴെയും പല നിലകളില്‍ ഉണ്ടെന്ന് അവിടത്തെ ചിയ ശിലാഫലകങ്ങളില്‍ രേഖപ്പെടുത്തിക്കണ്ടു.വഴി തെറ്റി കുഴങ്ങി ഉള്ളില്‍ നിന്നും വെളിയില്‍  വരാന്‍  കഴിയാതെ കോട്ടയ്ക്കകത്ത്  പെട്ട് പോകാന്‍  യാതൊരു  ബുദ്ധിമുട്ടും  ഇല്ല  എന്ന്  പറഞ്ഞാല്‍  ഒരിക്കലും  അതൊരു  അതിശയോക്തി  ആവില്ല.   കോട്ട വളരെ വേഗത്തില്‍ കണ്ടിട്ട് കൂടി ഞങ്ങള്‍ രണ്ടു മണിക്കൂറോളം എടുത്തു എന്ന് പറയുമ്പോള്‍ തന്നെ അതെത്ര വലിയ കോട്ടയാണ് എന്നൂഹിക്കാന്‍ കഴിയ്വല്ലോ.
കോട്ടയില്‍  നിന്നും ചന്ദു ഞങ്ങളെ പണ്ട് മുഗള്‍ ഗാര്‍ഡന്‍ എന്ന് വിളിച്ചിരുന്ന ഇപ്പോള്‍ മോട്ടിലാല്‍ ഗാര്‍ഡന്‍ എന്ന് പേര് മാറ്റപ്പെടുന്ന ഒരു പൂങ്കാവനത്തിലേക്കാണ് . ഇപ്പോള്‍ പുതുക്കി പണിയുന്ന കാരണം ആവാം ആ സ്ഥലം വിജനമായിരുന്നു. മോത്തിലാല്‍ നെഹ്രുവിന്റെ പ്രതിമക്കു ഞങ്ങള്‍ ഒരു പത്തു മിനിട്ട് കൂട്ടിരുന്നു. ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌ യു.പി ഗവേന്മേന്റ്റ് അംഗീകൃത  വില്പനശാലയിലെക്കായിരുന്നു. അല്പം ചില സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ ആഗ്ര സ്റ്റേഷനില്‍ എത്തി. നിശ്ചയിച്ച യാത്രക്കൂലിക്ക്  പുറമേ ചന്ദുവിനൊരു ചെറിയ ടിപ്പും കൊടുത്തു ഞങ്ങള്‍  സ്റ്റേഷനില്‍ കടന്നു. നെറ്റിന്റെയും കണക്ടി വിറ്റിയുടെയും മറ്റൊരു മികച്ച ഉദാഹരണം ആയി അവിടെ ഒരു ടച് സ്ക്രീന്‍ എന്‍ക്വയറി ടെര്‍മിനല്‍ ഉണ്ടായിരുന്നു. എന്റെ വെയിറ്റ് ലിസ്റ്റ് ടിക്കറ്റിന്റെ പി എന്‍ ആര്‍ നമ്പര്‍ എന്റര്‍ ചെയ്തപ്പോള്‍ ഞങ്ങളുടെ ടിക്കറ്റ് കണ്‍ഫേം  ആയതും പിന്നെ സീറ്റ്‌ നമ്പരും ഒക്കെ ആ സ്ക്രീനില്‍ നിന്നും മനസ്സിലായി.
കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നത് കണ്ടാല്‍ അത് ജാന്‍സിയില്‍ നിന്നും വരവാണെന്ന് തോന്നുകെ ഇല്ല.രാത്രിയായ കാരണമാണോ അതോ ടാജ്മഹല്‍ കണ്ടതിന്റെ  ഉഷാറാണോ  എന്നറിയില്ല , ട്രെയിന്‍ വളരെ വേഗം പോയിക്കൊണ്ടിരുന്നു. വളരെ കൃത്യതയോടെ ഒമ്പതരക്ക് തന്നെ ഞങ്ങളെ ഫരിദബാദ്  സ്റ്റേഷനില്‍ എത്തിച്ചിട്ട് താജ് എക്സ്പ്രസ്സ്‌ ഡല്‍ഹിയിലേക്കുള്ള പ്രയാണം തുടര്‍ന്നു.  വീട്ടില്‍ എത്തിയിട്ട് എന്റെ വാടിയ മുഖത്തേക്ക് നോക്കി അവള്‍ ചോദിച്ചു " എന്തേ , ഇപ്പോളും രാവിലത്തെ വിഷമം മാറീല്യേ  ?". ഞാന്‍ പറഞ്ഞു " ശ്ശെ .. അതല്ല. അടുത്ത പ്രാവശ്യം ദയാല്‍ ബാഘ് കാണണം". അവള്‍ തല കുലുക്കി സമ്മതം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇനി അടുത്ത ട്രിപ്പ്‌ എപ്പോള്‍ പറ്റും എന്ന് ആലോചിക്കാന്‍ തുടങ്ങി.
  

9 comments:

  1. വിവരണം നന്നായി മാഷേ. കുറച്ചു ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു പോയി.
    :)

    ReplyDelete
  2. തരക്കേടില്ലാതെ വിവരിച്ചിരിക്കുന്നു....
    അപ്പോൾ ആഗ്രയിൽ വെച്ച് ആഗ്രഹിച്ചത് പൂവ്വണിഞ്ഞു അല്ലേ
    കുറച്ചു പടങ്ങളും കൂടി ചേർക്കാമായിരുന്നു...കേട്ടൊ

    ReplyDelete
  3. വിവരണം കുഴപ്പമില്ല എന്നു മാത്രമല്ല നന്നായിരിക്കുന്നു,ചിത്രങ്ങള്‍ക്കെന്തു പറ്റി?

    ReplyDelete
  4. വിവരണം കേമായിരുന്നു. ശരിക്കും. കൂടെ നടന്ന പ്രതീതി. എല്ലാവരും പറഞ്ഞ പോലെ കുറച്ച് ഫോട്ടൊകൾ കൂടി ഇട്ടിരുന്നേൽ കലക്കിയേനേ. ഇനിയും പോരട്ടെ ഓർമ്മക്കുറിപ്പുകൾ. --------------------- പോയിട്ടില്ല, എങ്കിലും താജ് അത്ര ഇഷ്ടമല്ലാത്തൊരു സ്ഥലമാണ്. കാരണം അവിടുത്തെ ചരിത്രം തന്നെ. പ്രണയത്തിന്റെ ഉദാത്തമായ സ്മാരകം എന്നൊക്കെ പൊക്കിയടിക്കുമെങ്കിലും, അത് പണികഴിപ്പിക്കാനായി പത്ത് നാല്പതിനായിരം(ഇരുപത് എന്നും പറയുന്നു) പേരുടെ അധ്വാനമുണ്ടായിരുന്നു. അവസാനം അവർക്ക് സംഭവിച്ചത് ഇനി ഇതു പോലെ ഒരെണ്ണം പണിയാതിരിക്കാൻ “അവരുടെയൊക്കെ കൈവെട്ടിക്കളഞ്ഞു“ എന്നാണ് എവിടെയോ വായിച്ചത്. കഷ്ടമല്ലേ?

    ReplyDelete
  5. വായിച്ച് കമന്റിട്ട എല്ലാവര്‍ക്കും നന്ദി. ഫോട്ടോകള്‍ ഉടനെ ഇടാംട്ടോ ...അത് ക്യാമറ യില്‍ നിന്നും ഈ ലാപ്ടോപിലേക്ക് കയറ്റിയിട്ടില്ല, അതോണ്ടാട്ടോ ..



    ഹാപ്പി ബാചെല്ലേറ്സ് : ഈ കൈ വെട്ടി ക്കളഞ്ഞ കഥ ഞാനും കേട്ടിട്ടുണ്ട്.. പക്ഷെ കേട്ടതെല്ലാം സത്യം ഒരിക്കലും ആകുന്നില്ല.
    എന്റെ ലോജിക് ഇതാ ----
    ഇരുപതു വര്‍ഷം കൊണ്ടാണ് ഈ സ്മാരകം പണിതത് എന്നാണു ചരിത്രം. അപ്പൊ ഒരു 25 വയസ്സുള്ള പണിക്കാരന്‍ പണി തീരുമ്പോ 45 വയസ്സ് ആയിട്ടുണ്ടാവും. പിന്നെ അവന്‍ പണി ചെയ്‌താല്‍ പോലും മുഴുവന്‍ ടീമും ഉണ്ടെങ്കില്‍ പോലും അടുത്തത് പണി തീര്‍ക്കുമ്പോ 65 വയസ്സാvasaramകും. ഇത് തീരെ അസംഭവ്യം ആണ്.. പിന്നെ മറ്റൊരു വശം..ഇത്രേം സുന്ദരമായൊരു സൃഷ്ടിയെ പറ്റി ചിന്തിച്ച ഒരു മനസിന്റെ ഉടമക്ക് സ്വാര്‍ഥവും ക്രൂരവും ആയ ദുഷിച്ച ചിന്ത ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കുറവാ. അതോണ്ട് ഞാന്‍ ഈ കഥ വിശ്വസിക്കുന്നില്ല....

    മാഷേ. അവസരം കിട്ടുമ്പോ ഇത് തീര്‍ച്ചയായും കാണൂ...മുന്‍വിധികള്‍ ഇല്ലാതെ ...ഇഷ്ട്ടാവും.

    ReplyDelete
  6. ഞാന്‍ അവിടെ വന്നത്..കൊടും ചൂടത്
    ഷൂ ഊരിച്ചു കുവില്‍ നിന്നു അകത്തു കയറിയ പാട്
    ശരിക്കും ഒരു സങ്കടം തന്നു.അവര്‍ തന്ന
    ചെരുപ്പ് ധരിക്കുന്നതിനു മുമ്പേ കാലു പൊള്ളി തുടങ്ങി
    ഇരുന്നു.ഒരു കാര്യം മനസ്സില്‍ ആകുന്നില്ല.റെയില്‍ വേ സ്റ്റേഷന്‍
    മുതല്‍ എല്ലാം ഒരു അടുക്കും ചിട്ടയും ഇല്ലാതെ..ഇത്രയും
    ടൂറിസ്റ്റുകള്‍ വരുന്ന ആ സ്ഥലം അവര്‍ക്ക് വൃത്തി ആയി നല്ല
    ഗതാഗത സൗകര്യം ആകി കുറെ സന്ദര്‍ശകര്‍ക്കുള്ള ആകര്‍ഷണം
    നല്‍കി സൂക്ഷിച്ചു കൂടെ?

    ReplyDelete
  7. വിന്സന്റ് മാഷെ,


    കൊടും വേനലില്‍ ആണോ വന്നത് ? ഏപ്രില്‍ - മെയ്‌ - ജൂണ്‍ മാസങ്ങള്‍ ഇവിടെ ഭയങ്കര ചൂടാണ്.


    ഒരു 14 വര്‍ഷം മുമ്പ് ഇതൊന്നും അറിയാതെ ഞാനും നമ്മുടെ കുടുംബിനിയും കൂടി ഒരു മെയ്‌ മാസത്തില്‍ ഡല്‍ഹി യാത്ര എന്ന അബദ്ധം ചെയ്തു.


    ബിര്‍ള മന്ദിര്‍ എന്ന ഒരു മാര്‍ബിള്‍ പതിച്ച അമ്പലം കാണാന്‍ ചെരുപ്പില്ലാതെ പോയ ഞങ്ങള്‍ രണ്ടാളും ഭയങ്കര സ്പീഡില്‍ ഓടുന്ന കണ്ടിട്ട് ചില ഉത്തരേന്ത്യക്കാര്‍ " അവരുടെ നാട്ടില്‍ ഇങ്ങനെ ആവും ആചാരം " എന്ന് ഹിന്ദിയില്‍ പറയുന്നത് കേട്ടിട്ട് മനസ്സില്‍ " ചെരുപ്പില്ലെങ്കില്‍ നീയും ഒക്കെ ഓടുമെടാ" എന്ന് പറഞ്ഞു പോയിട്ടുണ്ട്.

    ReplyDelete
  8. ഒരുപാട് പേര്‍ പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇന്നേ വരെ കാണാന്‍ കഴിഞ്ഞിട്ടില്ല ഈ സ്ഥലം. എന്നേലും ഒരു നാള്‍ വരും. ഞാനും പോകും.

    ReplyDelete
  9. വിമല്‍,

    എത്രയും വേഗം താജ് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete

Creative Commons Licence
This work by Indiamenon is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.