വളരെ പ്രിയപ്പെട്ട ഓര്‍മകളുടെ കൂമ്പാരം ചികഞ്ഞു നോക്കുമ്പോള്‍ ഈ സംഭവം നല്ല തിളക്കത്തോടെ മുന്നില്‍ വരുന്ന ഒന്നാണ്. 1988 ലെ തണുത്ത നവംബര്‍ ദിനങ്ങള്‍ ആയിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഉപരിപഠനത്തിനു മുമ്പുള്ള 6 മാസം നാട്ടില്‍ ചിലവഴിക്കുന്ന കാലം. ഒരുപാട് ഒരുപാട് കൂട്ടുകാര്‍. മോഡേണ്‍ ലൈബ്രറി എന്ന നാട്ടിലെ സര്‍ക്കാര്‍ ഗ്രാന്റ് ഉള്ള അംഗീകൃത വായനശാലയില്‍ ചെസ്സും, കാരംസും റമ്മിയും ഒക്കെ ആയി നിന്നു തിരിയാന്‍ സമയം ഇല്ലാതെ വളരെ ഏറെ ബിസി ആയിരിക്കുന്ന സമയം .
അപ്പോഴാണ് എലാവരും കൂടെ വേറെ ഒരു പ്രോഗ്രാം ഇട്ടത്. ഒരു ഗാനമേള ട്രൂപ് തൊടങ്ങണം. അമ്മയെ തല്ല്യാലും രണ്ടുണ്ട് പക്ഷം എന്ന ചൊല്ലിനെ ശരി വക്കും വിധം ഉടന്‍ ഉണ്ടായി വേണംന്നും വേണ്ടാന്നും അഭിപ്രായം ഉള്ളവര്‍. എല്ലാവരും ഓരോ പക്ഷത്തു ചേര്‍ന്നു. വേണംന്നു ഉള്ള അഭിപ്രായം ഉള്ളവര്‍ സിമ്പിളായി ജയിച്ചു എന്നത് പ്രത്യേകം പറയേണ്ടല്ലോ. ഷൈന്‍ ചെയ്യാന്‍ കിട്ടണ ചാന്‍സ് കളയാന പ്രശ്നം ഇല്ല്യ .. പാട്ട് പാടിയാല്‍ ജനം ഓടാത്ത പാട്ടുകാര്‍ വളരെ കുറവ് - ഗോപു, ഗോപുന്റെ അനിയന് വിജയന്, ഡല്‍ഹി ദിവാകരന്, അവന്റെ അനിയന് - ഇത്രേം പേരേ മൈക്കിനു അര്‍ഹരായി ഉള്ളൂ.. പിന്നെ ഉള്ളത് വാദ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ . അതില്‍ മൃദംഗം വായിക്കാന്‍ അറിയണ ജ്യോതി മാഷ് മാത്രം നമ്മുടെ ടീമിലെ ഒറ്റ വിദ്വാന്. ആള് പോരല്ലോ, പിന്നെ പ്രമുഖരോക്കെ എന്ത് ചെയ്യും. തല പുകഞ്ഞാലോചിച്ചു ... പലരും ആഞ്ഞു പുകച്ചാലോചിച്ചു. ഒരു നാലഞ്ചാള്ക്കാര് സ്റ്റേജ് നിറക്കാന്‍ രണ്ടാം വരിയിലും മൂന്നാം വരിയിലും ഒക്കെ കുഞ്ജാന്ജിയും പിന്നെ നിറയെ മുത്തോക്കെ ഉള്ള ഒരു സാധനോം ഒക്കെയായി സ്ഥലം പിടിച്ചു . ഇതൊന്നും ഇല്ലാതെ വെറും കയ്യ് കൊണ്ടു താളം ഇട്ടു തല ആട്ടി ഫുള്‍ ഫോര്മില് സ്റെജിനു പകിട്ടേകാന്‍ ഒരേഴെട്ട് പേര്. മ്യൂസിക് കമ്പോസര്‍ ആയി മ്യൂസിക്കുമായി ബന്ധം ഒന്നും ഇല്ലാത്ത ഈ ഞാന്‍. അപ്പോഴാണ് ത്യാഗു എന്ന വിദ്വാന് സ്റെജില്‍ കയറാന്‍ കിട്ടണ ചാന്‍സ് മുതലാക്കണം എന്ന ബോധം ഉദിച്ചത്. ഉപകരണം ഒന്നും ഇല്ല്യാത്ത കാരണം കക്ഷിക്ക് അനുകൂലമായി വോട്ട് കുറവ്.
വൈന്നേരം പ്രാക് ടീസിനു കക്ഷി എത്തി. കയ്യില്‍ സ്വയം ഉണ്ടാക്കിയ ഒരു ഉപകരണം. തുണ്യൊക്കെ പൊതിഞ്ഞ രണ്ടു സാധനങ്ങള്‍.. ആര്‍ക്കും ഇതെന്താന്നു യാതൊരു പിടീം കിട്ടീല്യ. " ഇതെന്താണ്ടാ തുണീല് പൊതിഞ്ഞ ഒരു പുദ്യെ സാധനം ?" " ഹാമ്സ്പാന്‍ ". മറുപടി റെഡി. പ്രാക് ടീസ് വേളയില്‍ ഈ രണ്ടു സാധനങ്ങളും തമ്മില്‍ മുട്ടിച്ചു കക്ഷി തെറ്റില്ലാത്ത ശബ്ദം ഒക്കെ ഉണ്ടാക്കി സ്വന്തം സീറ്റ് ഉറപ്പാക്കി. മെല്ലെ പുള്ളിയോട് സീക്രെട്ട് അന്വേഷിച്ചത് അടുത്ത സുഹൃത്തായ രാധ എന്ന പേരില്‍ വിളിക്കപ്പെടുന്ന രാധാകൃഷ്ണന് . ഉത്തരം കേട്ട് " അയ്യേന്ന് പറഞ്ഞു രാധ മുഖം ചുളിച്ചു. "എന്ത് പറ്റീട രാധേ " എന്നുള്ള ചോദ്യത്തിന് " ഛീ, ഇത് ജനം കണ്ടാ അടി ഒറപ്പാ " എന്നാണു രാധ പ്രതികരിച്ചത്. ബലമായി ത്യാഗുവിന്റെ കയ്യിലെ പുദ്യ ഉപകരണത്തിന്റെ വസ്ത്രം ഞങ്ങള്‍ മാറ്റി. ഒരു ചമ്മിയ ചിരിയും ആയി ത്യാഗു നിന്നു. ഒരു തുണി കൊണ്ടു ഒരു ചുറ്റികയും ( ഹാമ്മര്‍ ) മറ്റേ തുണി കൊണ്ടൊരു സ്പാന്നെറും ആണ് മൂടി വച്ചിരുന്നത്. എന്റമ്മേ..ഇത് ഭയങ്കര പാരയാവുമോ ? ഹാമ്മെറിന്റെ " ഹാമും " സ്പാന്നെറിന്റെ "സ്പാനും " കൂടിയപ്പോള്‍ ത്യാഗുവിന്റെ പുദ്യ ഉപകരണം " ഹാമ്സ്പാന്‍ " ജനിച്ചു. എന്തായാലും ആര്‍ക്കും തോന്നാത്ത ആശയം ആയ കാരണവും പുതിയ നൂതനമായ ഏതൊരു ചിന്തയെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കാരണോം ആ ഐഡിയ അംഗീകരിക്കപ്പെട്ടു. (ഇന്നും അല്പം വിശാലമായി ചിന്തിക്കണ കാരണം പല പുതിയ അയിടിയകളും പ്രോത്സാഹിപ്പിക്കാറുണ്ട്)
ട്രൂപ്പായാല്‍ ഒരു പെരു വേണ്ടേ..ഇത്രേം പെരുള്ളപ്പോ പേരിനോ പഞ്ഞം. മിനിട്ടുകള്‍ക്കുള്ളില്‍ പേരായി "ശ്രുതിലയ". ബാനെര്‍ ഇല്ലാതെന്തു ട്രൂപ് ? അങ്ങനെ എല്ലാവരും ഉത്സാഹിച്ചു ബാനെറും ഉണ്ടാക്കി. ആദ്യത്തെ ഗാനമേള അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ വച്ചിട്ടായിരുന്നു. ഫ്രീ ആയിട്ടായിരുന്നു ആദ്യത്തെ പ്രോഗ്രാം. മണ്ഡല കാലം ആയതിനാല്‍ വെറും ഭക്തി ഗാനങ്ങള്‍ മാത്രം . സര്‍വ ടീമും വെളുത്ത മുണ്ടും ഒക്കെ ആയി ആവും വിധം ഷൈന്‍ ചെയ്തുട്ടോ. രാത്രി ഏഴു മണിക്കായിരുന്നു പരിപാടി. ഒരു ജീപ്പില്‍ കൊള്ളുന്ന ജനം (ഒരു പതിന്നാലു പേര് ) അങ്ങിനെയും അല്ലാത്തവര്‍ നടന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തെ അമ്പലത്തില്‍ ആറു മണിക്ക് തന്നെ എത്തി. ആദ്യത്തെ പരിപാടി വളരെ ഉത്സാഹത്തോടെ ബാനെര്‍ വലിച്ചു കേട്ടി. ജീപ്പ് നല്ല സ്റ്റൈലില്‍ പാര്‍ക്ക് ചെയ്യിച്ചു. നേരത്തെ തന്നെ അമ്പലം ഭാരവാഹികള്‍ ഇഡ്ഡലി കണ്‍ഫേം ചെയ്ത കാരണം ഫുള്‍ ടീമും പിന്നെ ഒരന്ജെട്ടു എക്സ്ട്ര മെംബെഴ്സും വളരെ കൃത്യ സമയത്ത് തന്നെ ഹാജര്‍. സ്റെജില്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചെയ്യിക്കണ മാതിരി പലരും ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു -ശരിക്കും പ്രത്യേകിച്ചൊരു പണീം ഉണ്ടായിരുന്നില്യട്ടോ. ഒരു മണിക്കൂര്‍ നീണ്ടു പ്രോഗ്രാം വച്ചു കാച്ചി . ഒരു പത്തിരുന്നൂറു പേര് ശരിക്കും പരിപാടി ആസ്വദിച്ചു. ഗാനമേള വല്ല്യ തെറ്റില്ലായിരുന്നു എന്ന് പല ലലനാമണികളും ( അവരല്ലാണ്ടാരാ ജഡ്ജ് ചെയ്യണേ ... നല്ല കാര്യായി) പേര്‍സണല്‍ ആയി പലരോടും പറഞ്ഞത് കേട്ട് പാട്ടുകാരുടെ നടത്തം അല്പം കൂടി നെഞ്ച് വിരിച്ചിട്ടായി. മ്യൂസിക് കംപോസര്‍ക്ക് ഒരു ഇളയരാജയുടെ ഗമയൊക്കെ വന്നുട്ടോ . ട്രൂപ്പില്‍ പലരും യേശുദാസിന്റെ സ്ഥാനം കിട്ടിയ പോലെ നടന്നു. ട്രൂപ്പില്‍ ഇല്ല്യാതവര്‍ക്ക് ചാന്‍സ് കളഞ്ഞത് അബദ്ധായിന്ന് തോന്നിയതില്‍ ഒരു തെറ്റൂല്യ. ഒരു വല്യ ട്രൂപ്പില്‍ ഉണ്ടാവുന്ന സകല അഹങ്ഗാരവും ഞങ്ങളുടെ ട്രൂപ്പിനും ഉണ്ടായി. കാരണം ആ നാട്ടില്‍ വേറെ ട്രൂപ് ഒറ്റ ഒന്ന് പോലും ഇല്ല. അപ്പോഴാണ് ചില കാപിറ്റലിസ്റ്റ് ചിന്ത കള്‍ കടന്നു വന്നത് " ഭക്ഷണം മാത്രം പോര, ഒരു ചെറിയ ഫീസ് ഒക്കെ വാങ്ങണം" . അടുത്ത പരിപാടിക്കാവട്ടെ .. അങ്ങിനെ അടുത്ത പ്രോഗ്രാം കാത്തു ശ്രുതിലയ വെയിറ്റ് ചെയ്തു. (ട്രൂപിന്റെ കഥകള്‍ തുടരും )
അടിക്കുറിപ്പ് : ത്യാഗു, ഗോപു എന്നിവര്‍ ചെന്നൈ നഗരത്തില്‍ ജോലി ചെയ്യുന്നു. രാധയും വിജയനും ദിവാകരനും നാട്ടില്‍ തന്നെ സേവനം. ജ്യോതി മാഷ് പഴയ പോലെ സ്കൂളില്‍ മാഷായി ജോലി ചെയ്യുന്നു. ഇപ്പൊ ഗാനമേള ട്രൂപ് ഒന്നും ഇല്ല്യ..വെറും ഓര്‍മ്മകള്‍ മാത്രം... ( ആരെയെങ്കിലും ഞാന്‍ മറന്ന് പോയെങ്കില്‍ ക്ഷമിക്കെടാ.. പഴയ ഓര്‍മ്മകള്‍ അല്ലെ..മനപ്പൂര്‍വല്ലാട്ടോ )

aashamsakal....
ReplyDeletenannaayittund...
ReplyDeleteഒരു പുതിയ ഉപകരണം ഉണ്ടാക്കിയാല്‍ നമ്മളെ കൂട്ടുമോ..?
ReplyDeleteഷൈന്‍ ചെയ്യാനാ !
എഞ്ചിനീയയേഴ്സ് അല്ലേ ഇതുപോലെ പല ഉപകരണങ്ങളും കണ്ടുപിടിക്കും അല്ലേ...
ReplyDelete